31 December 2011

നിന്നെ മോഷ്ടിച്ചു
വായിച്ചു കേള്‍പ്പിക്കുന്നു
നിന്നെത്തന്നെ ഞാന്‍...


(13.12.2011)

28 December 2011


വരിക്കച്ചക്ക നീ,
ചുള പറിച്ചതു ഞാന്‍
മുള്ളുകൊണ്ടതെനിക്ക്,
കൂട്ടാന്‍ വച്ചതും ഞാന്‍,
മുളഞ്ഞി പറ്റിയതുമെനിക്ക്,
വെന്തുവന്നപ്പഴറിഞ്ഞു...
ഗ്രഹണി നിനക്കല്ല,
എനിക്കാണെന്ന്...

(12.12.2011)

27 December 2011

കണ്ടുമടുത്ത്‌
തമ്മില്‍ കശപിശയായ്‌
മൗസും കീബോര്‍ഡും...
(15.12.2011)

25 December 2011

നീയെന്‍റെയെന്ന്
ഉമ്മവച്ചപ്പോള്‍ തൊട്ട്
നീയല്ലാതായ്‌ നീ...
(16.12.2011)

22 December 2011

നീ തരാത്തത്
നിന്നില്‍ നിന്നെടുക്കുന്നു
വേണ്ടുവോളം ഞാന്‍
(16.12.2011)

21 December 2011

ഹൃദയം പിഴിഞ്ഞുനോക്കി
തുള്ളി ബാക്കിയില്ല,
ഇനിയും തരാന്‍...
(26.11.2011)

17 December 2011


ആളിക്കത്തി നീ
തീര്‍ന്നുപോലാല്‍പ്പിന്നെ
തീപ്പൊരിത്തരിയ്ക്കു ഞാ-
നെവിടെപ്പോകും...?


(28.11.2011)

16 December 2011


അവളെക്കുറിച്ചുള്ള ഓര്‍മ്മയില്‍
ആഞ്ഞാഞ്ഞുവലിച്ച പുകയിലൂടെ
അവളെന്‍റെ കരളിലെത്തി

എന്‍റെ തൊലിയും രക്തവും
മലമൂത്രരേതസ്സുകളും
കറുത്തുപോയതങ്ങനെയാണ്...

(ആശയത്തിനു കടപ്പാട് : സുഹൃത്ത്‌)
(03.11.2011)

15 December 2011


അനുവാദമില്ലാതെ
കണ്ണുകള്‍ കൊണ്ടെന്നെ
കുടിച്ചുതീര്‍ത്തില്ലേ നീ...
 
(09.12.2011)

14 December 2011

തോന്നുമ്പം തോന്നുമ്പം
തോന്നുന്നതൊക്കെ പറയാനല്ലേല്‍
നിന്നെപ്പിന്നെന്തിനാ...?
(27.11.2011)

13 December 2011


നിന്നെയെന്‍ നെഞ്ചില്‍
പണ്ടാരടക്കിയിട്ടും
പിടയ്ക്കുന്നോ നീ...?

(10.12.2011)

12 December 2011


കൂട്ടുപോയത്
ഫെമിനിസ്റ്റ്‌ കാളയ്ക്ക്
എന്‍റെ ആണ്‍പശു...

(11.12.2011)

11 December 2011

തൊട്ടാവാടി

കുരുന്നിലത്തുഞ്ചത്ത്
വിരലൊന്നു മുട്ടീപ്പോ
കുഴഞ്ഞുപോയില്ലേ നീ,
തൊട്ടാല്‍ക്കുഴഞ്ഞീ

(07.09.2011)

10 December 2011


പലവട്ടം പറഞ്ഞില്ലേ,
പൂവുതരില്ലെന്ന്...
എന്നിട്ടുമെന്നിട്ടും
നീവന്നു പിന്നെയും
നോക്കിനില്‍ക്കുന്നത്
പൂവിനോ, എന്നെയോ?

(07..09..2011)

9 December 2011


നാളെ മഴയാവുന്നത്
ഇന്നത്തെ കടല്‍


(07..09..2011)

8 December 2011


ആത്മഹത്യ ചെയ്യേണ്ടത്
ശനിയാഴ്ച വൈകിട്ട്,
അടുത്ത ശനി വരെ
നീയൊന്നുമറിയില്ലല്ലോ...

(25.11.2011)
(സമര്‍പ്പണം :  
ശനികളില്‍ മാത്രം കണ്ടുമുട്ടുന്ന രണ്ടു കമിതാക്കള്‍ക്ക്)

6 December 2011


മരിച്ച നിരപരാധിയ്ക്ക്
അപരാധികള്‍ ചേര്‍ന്ന് പണിയുന്നു
രക്തസാക്ഷി മണ്ഡപം,
നിരപരാധി മണ്ഡപം...

(24.11.2011)

5 December 2011


മാമാങ്കം കണ്ടത്
അമ്മാത്ത് വച്ചാണ്;
ചെറിയ മാമനും വലിയ മാമനും തമ്മില്‍

(28.11.2011)

4 December 2011


വലതുകൈ ചെയ്യുന്നത്
ഇടതുകൈയറിയാതിരിക്കാനാണ്
ഞാന്‍ കുടവയര്‍ വച്ചത്...

(30.11.2011)

3 December 2011


എരിയലും പുകയലും
കൊള്ളിധര്‍മ്മങ്ങള്‍;
എരിയ്ക്കലും പുകയ്ക്കലും
നിന്‍റെ അധര്‍മ്മങ്ങള്‍

(04.11.2011)

2 December 2011


അവളോട്‌ പറഞ്ഞ
വാക്കിന്‍റെ ഗര്‍ഭത്തില്‍
അര്‍ത്ഥങ്ങളുണ്ടായിരുന്നു;
ഇരട്ട പ്രസവിക്കാതിരിക്കാന്‍
അവളതലസിപ്പിച്ചു കളഞ്ഞു...

(04.11.2011)

1 December 2011


തണുത്തു പൊള്ളിക്കാതെ
ഉരുകുകെന്‍ പ്രണയമേ...